
തിരുവനന്തപുരം : ഒടുവിൽ പേ വിഷ പ്രതിരോധ വാക്സീന്‍റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സർക്കാർ. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണം സംഭവിച്ചവർക്ക് നൽകിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്‍റേയും പ്രതിരോധ വാക്സീന്‍റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൌളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിൻസ് ബയോ പ്രോഡക്ടിന്‍റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്‍റെ പേ വിഷ പ്രതിരോധ വാക്സീനും ആണ് പരിശോധിക്കുന്നത്.
ഇമ്യൂണോ ഗ്ലോബുലിന്‍റേയും പേ വിഷ പ്രതിരോധ വാക്സീന്‍റേയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ നിർദേശം ഡ്രഗ്സ് കൺട്രോളർ വകുപ്പിന് കൈമാറി കഴിഞ്ഞു.
ഇനി ഏതൊക്കെ ബാച്ചിലെ വാക്സീനും സിറവുമാണ് പേവിഷ ബാധ ഏറ്റ് മരിച്ചവർക്ക് നൽകിയതെന്ന പട്ടിക എടുക്കണം. അതിനുശേഷം ആ ബാച്ചിലെ മരുന്നുകൾ പരിശോധനക്ക് അയക്കും. മുൻ കരുതൽ ആയി സെന്‍ട്രൽ ഡ്രഗ് ലാബിലെ ഫലം വരും വരെ പരിശോധനക്ക് അയക്കുന്ന ബാച്ച് വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഉപയോഗിക്കില്ല
പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് ആറുപേർ മരിച്ചത് വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിമാറിയതിന് പിന്നാലെ ആദ്യം വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും സെൻട്രൽ ഡ്രഗ് ലാബിന്‍റെ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ന്യായീകരണം. എന്നാൽ സെൻട്രൽ ഡ്രഗ് ലാബിന്‍റെ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ രേഖാമൂലം മനുഷ്യാവകാശ കമ്മിഷന് മറുപടി നൽകി. ഇതോടെ മന്ത്രി സഭയിൽ പറഞ്ഞത് കള്ളമെന്ന് ഉറപ്പായി. ഏറ്റവും ഒടുവിൽ കുത്തിവയ്പ്പ്പെടുത്ത പത്തനംതിട്ടക്കാരി 13 വയസുള്ള അഭിരാമിക്കും മരണം സംഭവിച്ചതോടെ സർക്കാരിന് നിൽക്കക്കള്ളി ഇല്ലാതായി .
നിർമാതാക്കളുടെ ഗുണനിലവാര പരിശോധന മാത്രം വിശ്വസിച്ച് വാക്സീന് ഒരു പ്രശ്നവുമില്ലെന്ന് ആവർത്തിച്ച ആരോഗ്യ വകുപ്പ് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. അതിന് പിന്നാലെ വാക്സീന്‍റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. എന്നാൽ കേരളം വാങ്ങിയ വിൻസ് ബയോ പ്രോഡക്ടിന്‍റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്‍റെ പേ വിഷ പ്രതിരോധ വാക്സീനും ഗുണനിലവാരം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടത് കേരളം തന്നെയാണ്. പരിശോധനക്ക് അയക്കാൻ കേരളത്തിന് സംവിധാനം ഉണ്ടെന്നിരിക്കെ കേന്ദ്രത്തിന് കത്തെഴുതി നിർമാതാക്കളുടെ പരിശോധനയെ മാത്രം വിശ്വസിച്ച കേരള സർക്കാരിന്‍റെ രീതി വലിയതോതിൽ വിമർശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്നലെ അടിയന്തര തീരുമാനം എടുത്ത് ഇമ്യൂണോ ഗ്ലോബുലിനും വാക്സീനും കേരളം തന്നെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് നേരിട്ട് പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്
പരിശോധനക്ക് എടുക്കുന്ന സിറവും വാക്സീനും ഊഷ്മാവിൽ മാറ്റം വരാതെ സൂക്ഷിച്ച് എയർ ലിഫ്റ്റ് ചെയ്താകും കസൌളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിൽ എത്തിക്കുക. വാക്സീൻ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയാൽ കേരളത്തിലെ കോൾഡ് ചെയിൻ സംവിധാനത്തിലെ പിഴവുകളാണോ അതോ വാക്സീൻ നൽകുന്നവർക്ക് സംഭവിക്കുന്ന വീഴ്ചയാണോ എന്നതിൽ ഉൾപ്പെടെ കാരണങ്ങളും കണ്ടെത്തേണ്ടി വരും. ഇതിനായി വിദഗ്ധ സമിതിക്ക് രൂപം നൽകി നിർദേശം നൽകിയിട്ടുണ്ട് .
മരുന്ന് ടെണ്ടർ വിളിച്ച് വാങ്ങി സംഭരിക്കുന്ന മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ കോൾഡ് ചെയിൻ സംവിധാനം മികച്ചതാണെന്ന് പറയുമ്പോഴും ആശുപത്രികളിലെ കോൾഡ് ചെയിൻ സംവിധാനത്തിൽ പിഴവുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 3 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട പേവിഷ പ്രതിരോധ വാക്സീൻ ആ ഊഷ്മാവിൽ അല്ലാതെ വളരെ ചെറിയ സമയം ഇരുന്നാലും ഗുണമേന്മയിൽ പ്രശ്നം ഉണ്ടാകും . അതുകൊണ്ട് തന്നെ കോൾഡ് ചെയിൻ എവിടെ എങ്കിലും പാളിയിട്ടുണ്ടോ എന്നത് പ്രധാന കാര്യമാണ്. ജില്ലാ ആശുപത്രികൾ മുതൽ താഴേത്തട്ടിലുള്ള പല ആശുപത്രികളിലും കോൾഡ് ചെയിൻ സംവിധാനം കറണ്ട് പോയാൽ തീരുന്നതാണ്.
മാത്രവുമല്ല സ്വകാര്യ മേഖലയിലെ കോൾഡ് ചെയിൻ സംവിധാനം മാത്രമാണ് ഡ്രഗ്സ് കൺട്രോളർ പരിശോധിക്കുന്നത്. അതായത് സർക്കാർ മേഖലയിൽ കോൾഡ് ചെയിൻ മികവുറ്റതാണോ, അതോ പാളിച്ചകൾ ഉണ്ടോ എന്നതിൽ ഇതുവരെ പരിശോധന നടന്നിട്ടില്ലെന്ന് ചുരുക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam