ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു

Published : Dec 05, 2025, 06:35 PM IST
rahul easwar

Synopsis

രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. 

തിരുവനന്തപുരം: സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. 

അതേസമയം, രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജിയിൽ നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയത്. കേസിലെ എഫ് ഐ ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷനും വാദിച്ചു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണമെന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസൽ അബ്ബാസ് പറഞ്ഞു. 

ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസിൻ്റെ ന‌‌ടപടി. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരൻ എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഫസൽ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്.

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു