
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ. സ്ത്രീകൾക്ക് ആനുകൂല്യം നൽകരുതെന്ന സമീപനമില്ല. പുരുഷന് കൂടി ഏതെങ്കിലും രീതിയിൽ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നൽകണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
സ്ത്രീകൾക്ക് ആനുകൂല്യം നൽകിയാൽ ബസ് തടയണമെന്ന സമീപനം ആർക്കുമില്ല. ബസ് തടയൽ അടക്കമുള്ള തീവ്രമായ നടപടികൾ ശരിയല്ല. അതൊക്കെ നിയമത്തോടും കെഎസ്ആർടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെൻസ് കമ്മീഷൻ്റെ അടക്കം ആരുടെയും പിന്തുണയില്ല. തീവ്രനിലപാടുകളിലേക്ക് ആരും പോകരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
പുരുഷന് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന കാര്യത്തിൽ പ്രതിഷേധവും വിഷമവും ഉണ്ടെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ബസ് തടയുന്നതുപോലെ ഉള്ള കാര്യങ്ങൾ തികച്ചും തെറ്റാണ്. ഫെമിനിസ്റ്റുകളുടെ കുരുപൊട്ടിക്കണം എന്നുള്ളതല്ല പുരുഷാവകാശ പ്രവർത്തനം. അമിത - അതിശയോക്തി കലർന്ന പ്രതികരണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സ്വീകാര്യമായ കാര്യങ്ങൾ മുന്നോട്ടുവെക്കുന്നതിനെ ദുർബലപ്പെടുത്തുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
തങ്ങൾ ഗൗരവത്തോടെ ഒരു നിയമത്തിൻ്റെ പണിപ്പുരയിലാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീകളെ അതിജീവിത എന്ന് വിളിക്കുന്നതുപോലെ പുരുഷനെ ആരോപിതൻ എന്ന് മാത്രമേ വിളിക്കാവൂ. പുരുഷൻ്റെ പേര് പറയാൻ പാടില്ല. ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ പുരുഷന്മാരുടെ പേര് പുറത്തുവിടാൻ പാടില്ലെന്നും അവർക്കും സ്വകാര്യതയുണ്ടെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ വിധി മുൻനിർത്തി നിയമം കൊണ്ടുവരാൻ എംഎൽഎമാരെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam