
പാലക്കാട്: രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനിടെ വയനാട് എംപിക്കെതിരെ പരിഹാസം നിറഞ്ഞ പോസ്റ്ററുമായി ബിജെപി. ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്റർ പാർട്ടിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. 51 വയസുകാരനായ രാഹുൽ ഗാന്ധി എംപിയെ കാൺമാനില്ലെന്നും അവസാനമായി കണ്ടത് ബാങ്കോക്കിൽ ആണെന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, ഇറ്റലിയിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനാണ് രാഹുല്‍ തിരിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുലിന്‍റെ യാത്ര സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ രാഹുല്‍ വിദേശ സന്ദര്‍ശനത്തിലായതിനാല്‍ പഞ്ചാബിലെ മോഗയില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി മാറ്റിവച്ചേക്കും എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് പറയുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ നടത്തുന്ന വിദേശ സന്ദര്‍ശനം ബിജെപി അടക്കം പ്രചാരണം ആയുധമാക്കുന്നുണ്ട്.
എന്നാൽ, രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് എത്തി. 'രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്' - കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. പാര്‍ലമെന്‍റ് ശീതകാല സമ്മേളന കാലത്തും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു.
സമ്മേളനം തുടങ്ങിയതിന് പിറ്റേ ദിവസം വിദേശത്തേക്ക് പോയ രാഹുല്‍ സമ്മേളനം കഴിയുന്നതിന് തലേ ദിവസമാണ് തിരിച്ചെത്തിയത്. രാഹുലിന്‍റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങള്‍ ബിജെപി വളരെ ശക്തമായി ഉപയോഗിക്കുന്നുണ്ട്. 2015 മുതല്‍ 2019വരെ രാഹുല്‍ ഗാന്ധി 247 വിദേശ സന്ദര്‍ശനം നടത്തിയെന്നാണ് മോദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഏതാണ്ട് 150 ദിവസത്തോളമാണ് ഈ കാലയളവില്‍ രാഹുല്‍ വിദേശത്ത് കഴിഞ്ഞത്. കഴിഞ്ഞ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ബാങ്കോക്കില്‍ പോയത് ഏറെ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam