
ദില്ലി: കേരളത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമായി നിൽക്കെ വിഡി സതീശന് അനുകൂലമായി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ ഒരു ലക്ഷത്തി 20000ൽ കൂടുതൽ കമന്റുകളാണ് വന്നത്. ഇവയിൽ മിക്കതും വിഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ്. സിനിമാ താരങ്ങൾ ഉൾപ്പടെ കമന്റിട്ടു.
കേളത്തിൽ നിന്നുള്ള ചില സിനിമാ താരങ്ങളും കമന്റുകളുമായി എത്തുന്നുണ്ട്. രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്ത് സനൽ കുമാര്‍ ശശിധരനും നടി ലാലി പിഎം അടക്കമുള്ളവരാണ് വിഡി സതീശന് അനുകൂലമായി ഫേസ്ബുക്കി പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. 2021 വരെ എൽഡിഎഫിനായി വോട്ട് ചെയ്തയാളാണ് താൻ. പിന്നീട് എൽഡിഎഫിന്റെ തുടര്‍ച്ചയായ ഇസ്ലാമോഫോബിക് നിലപാടുകളും ഭൂരപക്ഷ പ്രീണനവും മൂലമാണ് യുഡിഎഫിനെ പിന്തുടരാൻ തുടങ്ങിയത്. ഈ സമയം ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന വിഡി സതീശൻ സ്വീകരിച്ച നിലാപട് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായി വന്നില്ല എങ്കിൽ അത് ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരോടുള്ള വെല്ലുവിളിയാകും എന്നുമാണ് ലാലിയുടെ കമന്റ്.
വിഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖും രംഗത്തെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക് എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. "ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, കെ. കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. വി.ഡി സതീശൻ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവൂ എന്നാണ്, എന്നാണ് സിദ്ദിഖ് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam