
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ല എന്ന് അറിയിച്ചുവെന്നാണ് ഫെനി നൈനാൻ അവകാശപ്പെടുന്നത്. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്‍റെ ലോജിക് എന്താണെന്നും ഫെനി ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന വിവരം തനിക്ക് അതിശയമായി തോന്നി എന്നാണ് ഇന്നലെ ഫെനി ഫേസ്ബുക്കിൽ കുറിച്ചത്. അതിജീവിത തന്നോട് 2025 നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയിൽ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന അഭിഭാഷകന് നൽകിയിട്ടുണ്ടെന്നും ഫെനി പറഞ്ഞിരുന്നു.
അതേസമയം, മൂന്നാം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തുടർ കസ്റ്റഡി ആവശ്യപ്പെടില്ലെന്നാണ് എസ്ഐടി അറിയിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ സുരക്ഷ ശക്തമാക്കും. രാഹുലിന്‍റെ ജാമ്യഹർജി നാളെ തിരുവല്ല കോടതി പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam