
തിരുവനന്തപുരം : തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ് നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ചതോടെ ദുരിതത്തിലായി സ്ഥിരം യാത്രക്കാർ. വാഹനത്തിന്റെ സുരക്ഷയും പാർക്കിംങ് ഏരിയയിലെ അടിസ്ഥാന സൗകര്യവും ഉറപ്പ് വരുത്താതെയുളള വർധനവെന്നാണ് ആക്ഷേപം. എന്നാൽ എട്ട് വർഷത്തിന് ശേഷമാണ് നിരക്ക് കൂട്ടിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
സ്റ്റേഷനുകളിൽ ജൂണ്‍ 1 മുതൽ നിലവിൽ വന്ന പുതിയ പാർക്കിങ് നിരക്കും പഴയ നിരക്കും ഒന്ന് പരിശോധിക്കാം.
നേരത്തേക്ക് പാർക്ക് ചെയ്ത് പോകുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഈടാക്കിയ 15 രൂപ 30 രൂപയായും നാലുചക്ര വാഹനങ്ങൾ ഈടാക്കിയിരുന്ന 25 രൂപ 80 രൂപയായുമാണ് വർധിപ്പിച്ചത്. ദീർഘദൂര യാത്ര ചെയ്യുന്നവർ ഏറെ ആശ്രയിക്കുന്ന ഇരു ചക്രവാഹനങ്ങളുടെ ഒരു മാസത്തെ പാർക്കിംഗ് ഫീസ് 200 ൽ നിന്ന് 600 രൂപയായി. ഫലത്തിൽ നിരക്കുകൾ ഇപ്പോൾ നൽകി കൊണ്ടിരുന്നതിന്റെ ഇരട്ടിയോ അതിലധികമോ ആയി മാറിയിരിക്കുകയാണ്.
വിവിധ നിരക്കുകളിൽ 20 മുതൽ 30 ശതമാനംവരെയാണ് വർധനവ്, പ്രധാന സ്റ്റേഷനുകളിലെ പ്രീമിയം പാർക്കിങ് നിരക്കും കൂട്ടിയിട്ടുണ്ട്. എന്നാൽ വാഹനത്തിന്റെ സുരക്ഷ യാത്രക്കാരന്റെ മാത്രം ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ 25 റെയിൽവേസ്റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ പെടുന്നത്, അമൃത് ഭാരത് പദ്ധതിയടക്കം വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും, പലയിടത്തും അടിസ്ഥാന സൗകര്യം വികസനവും പാതിവഴിയിലാണ്.
ബില്ലുകൾ പ്രിന്റ് ചെയ്തു നൽകിയും പാർക്കിങ്ങിനായി കൂടുതൽ സ്ഥലം കണ്ടെത്തിയും റെയിൽവേ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. കാലോചിതമായ മാറ്റമെന്ന റെയിൽവേ വാദം ശരിവയ്ക്കുന്നുണ്ട് ഒരു വിഭാഗം.കീശകീറാതെ ലക്ഷ്യസ്ഥാനത്ത് വേഗമെത്താനുളള യാത്രയിൽ അധിക ബാധ്യതയാണ് പാർക്കിംങ് നിരക്ക് വർധനവെന്നതിൽ തർക്കമില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമുളള വർധനവിനൊപ്പം യാത്രക്കാരുടെ പരാതികൾ കൂടി പരിഗണിക്കാൻ റെയിൽവേ തയ്യാറാകേണ്ടതുണ്ട്.