
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. അതേസമയം കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്
ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി
ഇടുക്കി: തുടര്‍ച്ചയായ മഴയ്ക്ക് അല്‍പം ശമനമുണ്ടായിരിക്കുകയാണ് ഇടുക്കിയില്‍. മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം ജലവിനോദങ്ങളായ ബോട്ടിങ് ഉൾപ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളിൽ സന്ദർശനം നടത്തുന്നതിന് അനുമതി നൽകി
ഇടുക്കിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ജില്ലയിൽ അഞ്ച് ക്യാമ്പുകള്‍ തുറന്നിരുന്നു. ഇടുക്കി താലൂക്കിൽ മൂന്ന് ക്യാമ്പും ദേവികുളം താലൂക്കിൽ രണ്ട് ക്യാമ്പുമാണ് തുറന്നത്. ഇടുക്കി താലൂക്കിൽ മണിയാറന്‍കുടി സലീന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പില്‍ 18 കുടുംബങ്ങളിലായി 65 അംഗങ്ങളാണുള്ളത്. ഇതില്‍ 18 പുരുഷന്‍മാര്‍, 28 സ്ത്രീകള്‍ 19 കുട്ടികൾ ആണുള്ളത്. കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 10 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാർ, 3 സ്ത്രീകൾ, 2 കുട്ടികളുമാണുള്ളത്.
മുരിക്കാശേരി സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 4 കുടുംബങ്ങളിലായി 7 അംഗങ്ങളാണുള്ളത്. 4 പുരുഷൻമാരും 3 സ്ത്രീകളുമാണ് ഇവിടെയുള്ളത്. ദേവികുളം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ 8 കുടുംബങ്ങളിലായി 26 അംഗങ്ങളുണ്ട്. 5 പുരുഷൻമാരും 18 സ്ത്രീകളും 3 കുട്ടികളുമാണുള്ളത്. വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 5 കുടുബംങ്ങളിൽ നിന്ന് 15 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാരും 7 സ്ത്രീകളും 3 കുട്ടികളുമാണ് ഇവിടെയുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം