പെട്ടിമുടി പുനരധിവാസ പാക്കേജ്; എല്ലാവർക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

By Web TeamFirst Published Aug 13, 2020, 1:35 PM IST
Highlights

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ലയങ്ങളുടെ കാര്യത്തിൽ സർക്കാർ ഗൗരവമായി ചർച്ച നടത്തും. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും

ഇടുക്കി: രാജമലയിൽ മണ്ണിടിഞ്ഞ് അപകടത്തിൽ രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. കവളപ്പാറയിലേതിന് സമാനമായി പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. കണ്ണൻ ദേവൻ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീട് നിർമ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. അതിൽ കമ്പനിക്ക് സാധ്യമായത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു.

കുട്ടികളുടെ വിദ്യാഭ്യാസം തുടർന്ന് നടക്കണം. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികളുണ്ട്. ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവർക്ക് വിദ്യാഭ്യാസത്തിന് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ച് നടപ്പിലാക്കും. കമ്പനിയുടെ ഭാഗത്ത് നിന്ന് കുറച്ച് നടപടികൾ കൂടി വേണം. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു. അക്കാര്യം കമ്പനി പരിഗണിക്കണം.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ലയങ്ങളുടെ കാര്യത്തിൽ സർക്കാർ ഗൗരവമായി ചർച്ച നടത്തും. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ സർക്കാരിന്റെ പരിഗണനയിലുള്ളതാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അപകടം എല്ലാവരെയും നടുക്കിയതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മരണങ്ങളിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി വിളിച്ചിരുന്നു, അദ്ദേഹത്തോട് അപകടത്തെ കുറിച്ച് വിശദീകരിച്ചു. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.

click me!