
ഇടുക്കി: ജീവനോടെ ഒരാളെയെങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ കൈവിടാതെ കുറെ മനുഷ്യര്‍ കാത്തിരിക്കുകയാണ്. രാജമലയിലെ ദുരന്തം കവർന്നത് രണ്ട് കുടുംബങ്ങളിലെ 30 പേരെയാണ്. വനംവകുപ്പ് ഡ്രൈവറായ മയിൽസാമിയുടെ കുടുംബത്തിലെ 21 പേരും ചൊക്കമുടി മാടസ്വാമിയുടെ കുടുംബത്തിലെ ഒമ്പത് പേരും മണ്ണിനടിയിൽപ്പെട്ടു.
ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. ഇത്രയും കാലം ഒന്നിച്ച് ജീവിച്ചവരെ ദുരന്തം ഒന്നിച്ച് കൊണ്ടുപോയി. മയിൽസാമി, സഹോദരന്മാരായ അനന്തശിവം, ഗണേശ് എന്നിവരും ഇവരുടെ ഭാര്യമാരും മക്കളുമടക്കം 21 പേരാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടത്.
മയിൽസാമിയും ഗണേശും വനംവകുപ്പ് ഡ്രൈവർമാരാണ്. രാത്രി 11 മണി വരെ ഇവർ ഇരവികുളം ദേശീയോദ്യാനത്തിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് പെട്ടിമുടിയിലേക്ക് പോയതും ദുരന്തത്തിൽ അകപ്പെട്ടതും. അനന്തശിവം മൂന്നാർ പഞ്ചായത്ത് അംഗമായിരുന്നു. അനന്തശിവം, ഭാര്യ, എഞ്ചിനീയറിംഗ് ബിരുദദാരിയായ മകൻ ഭാരതി, ഭാരതിയുടെ ഭാര്യ എട്ടും ആറും വയസുള്ള രണ്ട് മക്കൾ എന്നിവർ ഒരു വീട്ടിലായിരുന്നു.
മണ്ണിനടിയിൽ അകപ്പെട്ട ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊക്കമുടി സ്വദേശി മാടസ്വാമിയുടെ നഴ്സിംഗിന് പഠിക്കുന്ന രണ്ട് പെൺമക്കളടക്കം ഒമ്പത് പേരെ പറ്റിയും ഇനിയും വിവരം ലഭിച്ചിട്ടില്ല. തമിഴ്നാട്ടിൽ നഴ്സിംഗിന് പഠിക്കുന്ന സഹോദരിമാർ കൊവിഡ് ലോക്ഡൗൺ നിമിത്തം ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. ഇരുകുടുംബങ്ങളുടെയും ബന്ധുക്കൾ രാപ്പകലില്ലാതെ പെട്ടിമുടിയിൽ കാവലരിക്കുകയാണ്. ജീവനോടെ ഒരാളെയെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam