
ആലപ്പുഴ: ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നത്. ശക്തമായ സമരം സംഘടിപ്പിക്കും. പിണറായി വിജയൻ അറിയാതെ നടക്കില്ല. നടന്നത് രാഷ്ട്രീയ അഴിമതി തന്നെയാണ്. അമ്പലത്തിൽ നിന്നു സ്വർണം കട്ടവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിൻ്റെ അറസ്റ്റിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം.
സർക്കാരിന് ബോർഡുകളെയും വിശ്വാസികളെയും സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കണം. ആ നിലപാട് കേന്ദ്രത്തെ അറിയിക്കാൻ ഞാൻ തയ്യാറാണ്. ദേവസ്വം ഭരണം ഫെഡറൽ സംവിധാനത്തിൽ കൺകറൻ്റ് ലിസ്റ്റിൽ പെടുന്നതാണ്. സംസ്ഥാന സർക്കാർ കേന്ദ്ര എജൻസിയുടെ അന്വേഷണം ആവശ്യപ്പെടണം. രാഷ്ട്രീയ ഗൂഢാലോചന ശബരിമല വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ഉണ്ടായ സംഭവങ്ങൾ ഒരുകാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തർ നിൽക്കേണ്ടി വന്നു. വിവിധ സർക്കാരുകൾ ഭരിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.
കട്ടിള പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ് ഐ ആർ. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്. 2019 ൽ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.