ഇടതു-വലതു മുന്നണികളുടെ ജമാഅത്തെ ഇസ്ലാമി, മദനി രാഷ്ട്രീയം കേരളത്തിന് അപകടകരമെന്ന് രാജീവ് ചന്ദ്രശേഖർ

Published : Jun 12, 2025, 07:48 PM IST
Rajeev Chandrasekhar

Synopsis

മതരാഷ്ട വാദം പറയുന്ന ജമാഅത്തെ ഇസ്ലാമിക്കൊപ്പമാണോ പ്രിയങ്കാ ഗാന്ധി വാദ്രയും കോൺഗ്രസുമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾ മുന്നോട്ടു വെയ്ക്കുന്ന ജമാഅത്തെ ഇസ്ലാമി, മദനി രാഷ്ട്രീയം കേരളത്തിന് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇരുമുന്നണികളും നടത്തുന്ന ഈ പ്രീണന രാഷ്ട്രീയം നിലമ്പൂരിലെ മലയോര ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് 180 ഡിഗ്രി എതിര് നിൽക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

മതരാഷ്ട വാദം പറയുന്ന ജമാഅത്തെ ഇസ്ലാമിക്കൊപ്പമാണോ പ്രിയങ്കാ ഗാന്ധി വാദ്രയും കോൺഗ്രസുമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. "ഇന്ത്യയ്ക്ക് പുറത്തുപോയി രാഹുലും പ്രിയങ്കയും മോദി ഭരണഘടനയെ ലംഘിക്കുന്നു എന്ന് പറയുന്നു. എന്നാൽ ഇവിടെ ഭരണഘടനയെ മാനിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കൊപ്പം ചേർന്ന് വോട്ടു നേടാനാണ് രാഹുൽഗാന്ധിയുടെ കോൺഗ്രസിന്റെ ശ്രമം. പിഡിപിയെ കൂടെക്കൂട്ടിയാണ് ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. ഇരുമുന്നണികളുടേയും ഈ നിലപാട് നിലമ്പൂരിൽ മാത്രമല്ല, മുഴുവൻ കേരളത്തിലും ആഘാതമുണ്ടാക്കുമെന്നും" രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

"നിലമ്പൂർ തിളങ്ങും, വളരും എന്നൊക്കെ പറഞ്ഞവരാണ് ഇപ്പോൾ പ്രീണന രാഷ്ട്രീയം മാത്രമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയത്. 45 കൊല്ലമായി ഇരുമുന്നണികളും ഭരിക്കുന്ന നിലമ്പൂർ തിളങ്ങിയിട്ടുമില്ല വളർന്നിട്ടുമില്ല എന്നതാണ് യാഥാർത്ഥ്യം. പ്രീണനവും വികസനമില്ലായ്മയും നിലമ്പൂരിൽ തുടരുമെന്നാണോ എൽഡിഎഫ് പറയുന്നത്. ഇരുമുന്നണികളും സാമൂഹ്യമാധ്യമങ്ങളിൽ റീലുകൾ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണ്. മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളെപ്പറ്റി യാതൊന്നും പറയാൻ ഇരു കൂട്ടരും തയ്യാറല്ല".

ഇരുപത് ശതമാനം തൊഴിലില്ലായ്മ നിരക്കുള്ള മലപ്പുറത്തിന് വേണ്ടി ഇരുമുന്നണികളും എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എട്ട് യുപിഎ മന്ത്രിമാർ കേന്ദ്രം ഭരിച്ച കാലത്തും ഇടതുപക്ഷം ഭരിച്ച ഒൻപതു വർഷക്കാലത്തും നിലമ്പൂരിലെ ജനതയ്ക്ക് യാതൊന്നും കിട്ടിയിട്ടില്ല. ദാരിദ്ര്യവും അതിദാരിദ്ര്യവും ഉണ്ടായിരുന്ന നാട്ടിൽ അതില്ലാതാക്കിയത് പിഎം അന്ന യോജന വഴി പ്രധാനമന്ത്രി മോദിയാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിന്റെയും കേരളത്തിന്റെയും വികസന രാഷ്ട്രീയത്തിൽ ഞങ്ങളോട് സംവാദത്തിന് ഈ മുന്നണികളും തയ്യാറാണോയെന്നും ചോദിച്ചു.

മനുഷ്യർക്കും കൃഷിക്കും ഹാനിയുണ്ടാക്കുന്ന ജീവികളെ കൊല്ലാൻ സംസ്ഥാന വനം വകുപ്പിനും പഞ്ചായത്തിനും അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റി അടക്കം നിരവധി തദ്ദേശസ്ഥാപനങ്ങൾ ഈ അധികാരം ഉപയോ​ഗിച്ച് കാട്ടുപന്നികളെ കൊന്നിട്ടുമുണ്ട്. അവിടെയൊക്കെ ചെയ്യുന്ന കാര്യം എന്തുകൊണ്ട് നിലമ്പൂരിൽ ചെയ്യുന്നില്ല. മലയോ​ര ക‍ർഷക‍ർക്ക് എതിരാണ് എൽഡിഎഫ് സർക്കാരെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, നവ്യ ഹരിദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം