
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും ചടങ്ങിൽ പങ്കെടുത്തു. നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
മികച്ച തീരുമാനമെന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അധ്യക്ഷനാക്കിയ തീരുമാനം ഏകകണ്ഠമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന് അപരിചിതന്‍ അല്ലെന്നായിരുന്നു എംടി രമേശിന്‍റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്നും എംടി രമേശ് പറഞ്ഞു.
രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്.
ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പവര്‍ പോയന്‍റ് പ്രസന്‍റേഷനാണ് രാജീവിന്‍റെ ശൈലി. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം. ആ പരീക്ഷണത്തിന്‍റെ ആദ്യവേദിയായിരുന്നു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം. പുതിയ കാലത്തിന്‍റെ രാഷ്ട്രീയക്കാരനില്‍ പുത്തന്‍വോട്ടര്‍മാര്‍ ഉള്‍പ്പടെ അണിനിരന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. പഠിച്ചതും സ്വപ്നംകണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam