
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്നും താന്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രമുഖ നേതാക്കളും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ തൃശൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിലാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വം രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് നിയമസഭയിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് നേമത്ത് നിന്നായിരുന്നു. 2016ലാണ് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാൽ നേമത്ത് നിന്ന് മത്സരിച്ച് വിജയിച്ചത്. എന്നാൽ 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് തിരിച്ചുപിടിച്ചു. കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത്. സിഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി ശിവൻകുട്ടിയാണ് 2021ൽ നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ 38.24% വോട്ടുകള്‍ക്കാണ് തോറ്റത്.