നിക്ഷേപ പദ്ധതിക്ക് ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്സ് തുടർനടപടിയെടുത്തില്ലെന്ന് പി.രാജീവ്

By Web TeamFirst Published Jul 1, 2021, 1:11 PM IST
Highlights

രാഷ്ട്രീയമായ പ്രശ്‌നങ്ങളിൽ രാഷ്ട്രീയമായി തന്നെ മറുപടി നൽകും എന്നാൽ സംരഭകൻ എന്ന നിലയിൽ  പറഞ്ഞ പ്രശ്നങ്ങൾ ആ രീതിയിൽ പരിശോധിക്കുമെന്നും പറഞ്ഞ വ്യവസായമന്ത്രി

തിരുവനന്തപുരം: 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ്. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റക്സ് പദ്ധതിയിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി.രാജീവിൻ്റെ വിശദീകരണം. 

രാഷ്ട്രീയമായ പ്രശ്‌നങ്ങളിൽ രാഷ്ട്രീയമായി തന്നെ മറുപടി നൽകും എന്നാൽ സംരഭകൻ എന്ന നിലയിൽ  പറഞ്ഞ പ്രശ്നങ്ങൾ ആ രീതിയിൽ പരിശോധിക്കുമെന്നും പറഞ്ഞ വ്യവസായ മന്ത്രി ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങളെ സമീപിക്കേണ്ടത് അവസാന ഘട്ടത്തിലായിരുന്നുവെന്നും വിമർശിച്ചു. 

കിറ്റക്സ് ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയം പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്പന പരിഹാരത്തിന് ആത്മാര്‍ത്ഥമായ ഇടപെടലാണ് വേണ്ടതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്‍റി സ്വീകരിച്ച നിലപാടിന്‍റെ പ്രതികാരമായാണ് പരിശോധനകളെന്ന് സാബു ജേക്കബ് ആവര്‍ത്തിച്ചു.

പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂല അന്തരീക്ഷമില്ലെന്നുമുള്ള കിറ്റക്സ് മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന  സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം പുനപരിശോധിക്കില്ലെന്ന  നിലപാടിലാണ് കിറ്റക്സ്. സര്‍ക്കാരുമായി ധാരണാ പത്രമല്ല  ഒപ്പിട്ടതെന്ന വാദവും കിറ്റക്സ് തള്ളി. ആഗോള നിക്ഷേപ സംഗമത്തില്‍ മറ്റ് സംരംഭകര്‍ക്കൊപ്പമാണ് കിറ്റക്സും  ധാരാണാ പത്രത്തില്‍ ഒപ്പിട്ടതെന്നാണ് വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!