
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാർട്ടിയുടെ നടപടിയെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ പാർട്ടിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. അതിനാണ് ഇപ്പോൾ അന്ത്യം കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. രാഹുലിനെതിരെ പറഞ്ഞവർക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. വനിതാ നേതാക്കൾക്കെതിരെയും കടുത്ത സൈബർ ആക്രമണം. എന്തൊക്കെ ആക്രമണം വന്നാലും നിലപാട് മാറ്റില്ല. രാഹുലിന്റെ പണം വാങ്ങിയ വെട്ടുകിളികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ഈ വെട്ടുകിളികളെ ഉന്മൂലനം ചെയ്യണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഭൂമി കുഴിച്ച് കുഴിച്ചു നടന്ന ഭൂതത്താനെ കുഴിയിൽ നീ തന്നെ വീണു' എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിയില്ല. രാഹുലിന് പൊതുപ്രവർത്തനം തുടരാൻ അർഹതയില്ലെന്നും ധാർമിക മൂല്യമുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.