വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന് പ്രവ‌‌ർത്തിച്ചാൽ പോര; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉണ്ണിത്താൻ

By Web TeamFirst Published Dec 17, 2020, 11:27 AM IST
Highlights

കെ എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് മനസ്സിലാക്കാൻ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിർത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

കാസർകോട്: തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തദ്ദേശപ്പോരിലുണ്ടായത് ആഴത്തിലുള്ള പ്രഹരമാണെന്നും ഇത് കോൺഗ്രസ് നേതൃത്വം മനസിലാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിന് പുറം ചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാക്കാനാില്ലെന്ന് കാസർകോട് എംപി തുറന്നടിച്ചു. 

കെ എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് മനസ്സിലാക്കാൻ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിർത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതാണെന്ന് ഉണ്ണിത്താൻ ആവർത്തിച്ചു. താഴേത്തട്ടിലെ സംഘടന ദൗർബല്യം കോൺഗ്രസ് നേതൃത്യം മനസ്സിലാക്കണമെന്നും ദയവ് ചെയ്ത് ഗ്രൂപ്പ് പോര് നിർത്തണമെന്നുംഉ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബിജെപി വളർച്ച നിസാരമല്ലെന്നും കാസ‌‌ർകോട് എംപി മുന്നറിയിപ്പ് നൽകുന്നു.

ഉന്നത നേതൃത്വത്തിനെതിരെ കടുത്ത വിമ‌‌‌ർശനമാണ് ഉണ്ണിത്താൻ ഉയ‌ർത്തുന്നത്. കെപിസിസി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ എന്ത് സംഭാവന ചെയ്തുവെന്ന് പരിശോധിക്കണം. കോൺ​ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായുള്ള ബന്ധം അറ്റുവെന്നും വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന പ്രവ‌‌ർത്തിച്ചാൽ പോരെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. 

ദേശീയ പ്രസിഡൻ്റുണ്ടായിരുന്നെങ്കിൽ ​ഗുണമുണ്ടാകുമായിരുന്നുവെന്നും മതേതര നിലപാടിൽ കോൺ​ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും  ഉണ്ണിത്താൻ കൂട്ടിച്ചേ‌ർത്തു. വെൽഫെയ‌ർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിനാശ കാലേ വിപരീത ബുദ്ധിയെന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി. 

click me!