കോഴിക്കോട്: ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങള്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലാണ്. ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിക്കാലമായതിനാല്‍ ആഘോഷങ്ങളില്‍ മിതത്വം വേണമെന്ന് ഖാസിമാർ നിര്‍ദേശിച്ചു. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് മിക്കവരുടേയും ആശംസാ കൈമാറ്റം. വിശ്വാസികൾക്ക് മുഖ്യമന്ത്രി പെരുന്നാൾ ആശംസകൾ നേർന്നു.
ലോക ജനത കൊവിഡ് കാരണം ദുഖത്തിലാണെന്നും സൗഹാർദ്ദവും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ പറഞ്ഞു. ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ഈദ് ആഘോഷത്തെ കാണണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തിൽ ബന്ധുവീടുകളിലെ സന്ദർശനവും മറ്റും ഒഴിവാക്കണമെന്നും പരമാവധി കരുതൽ വേണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
ബന്ധുവീടുകളിലെ സന്ദര്‍ശനമില്ല. പകരം വീഡിയോ കോളിലൂടെയുള്ള ആശംസകള്‍ കൈമാറല്‍. സുരക്ഷിതരായിരിക്കൂ എന്നുള്ള പ്രാര്‍ത്ഥന. ഓണ്‍ലൈന്‍ വഴിയുള്ള കുടുംബ ബന്ധം പുതുക്കല്‍. മൈലാഞ്ചിയിടാം, കുട്ടികൾക്ക് മുതിർന്നവരിൽ നിന്ന് പണം കിട്ടും. എല്ലാ ആഘോഷങ്ങളും വലുതുതന്നെയാണ്. പക്ഷേ, വീട്ടിലാകട്ടെയെന്ന് ഖാസിമാർ പറയുമ്പോൾ, വിശ്വാസികൾക്കും സമ്മതം.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ എല്ലാ പ്രേക്ഷകർക്കും, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്‍റെ വായനക്കാർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam