
കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച വാഹനാപകടമാണ് സ്വര്‍ണ്ണകള്ളക്കടത്ത് സംഘങ്ങളിലേക്ക് വഴി തുറന്നത്. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തിലെ എട്ടുപേരാണ് പിടിയിലായത്. പിടികിട്ടാനുള്ള രണ്ട് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന്‍ എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെന്നാണ് കണ്ടെത്തല്‍. ഈ കവര്‍ച്ചയ്ക്കായി ടിഡിവൈ എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ള സലീം മുഖേനയാണ് സുഫിയാന്‍ സംഘത്തിലെ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്.
ഒരു കോടി 11 ലക്ഷം രൂപ വില വരുന്ന 2 കിലോ 330 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുനാണ് ഇടനിലക്കാരന്‍ ആയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മുഹമ്മദ് ഷഫീഖിനെ സ്വീകരിക്കാന്‍ ചുവപ്പ് സ്വിഫ്റ്റ് കാറില്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഷഫീഖ് പിടിയിലായെന്ന് അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. അര്‍ജുന്‍ തന്നെയാണ് ചെര്‍പ്പുളശ്ശേരി സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്. കൊടുവള്ളിയില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിക്കാന്‍ സംഘമെത്തിയത് മഹീന്ദ്ര ഥാറിലും മറ്റൊരു കാറിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘാംഗങ്ങളെ പിടികൂടി ചോദ്യം ചെയ്യാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam