
തിരുവനന്തപുരം: ഇ മൊബിലിറ്റി വിവാദവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടൻ കമ്പനി പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം തുടങ്ങിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഇതിന് ഇനി ഗതാഗത മന്ത്രി ഒപ്പിട്ടാൽ മാത്രം മതി. ധന വകുപ്പ് നേരത്തെ ഇതിനു അനുമതി നൽകി. ബാക് ഡോർ ഓഫീസ് എന്ന പേരിൽ ആണ് ഓഫീസ് തുടങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇ മൊബിലിറ്റി പദ്ധതിക്കായി സർക്കാറും സ്വിസ് കമ്പനിയും തമ്മിൽ ഒപ്പിട്ട ധാരണപത്രത്തിൻറെ ഫോട്ടോ പുറത്തുവിട്ടാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവിന്റെ ആരോപണം.
പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ ഓഫീസ് സെക്രട്ടേറിയറ്റിൽ തുറക്കാൻ ഉള്ള നീക്കം നേരത്തെ തുടങ്ങിയതാണ്. താൻ ആരോപണം ഉന്നയിച്ചില്ലെങ്കിൽ ഓഫീസ് തുറക്കാൻ ഇതിനോടകം തന്നെ ഗതാഗത മന്ത്രി അനുവാദം നൽകുമായിരുന്നു. കമ്പനിയുടെ ജീവനക്കാർക്ക് ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളമുണ്ട്. ഇങ്ങിനെ ഒരു മുഖ്യമന്ത്രിയെ ആണല്ലോ നമുക്ക് കിട്ടിയത് എന്നും ചെന്നിത്തല പരിഹസിച്ചു.
എന്താണ് ചീഫ് സെക്രട്ടറി ഫയലിൽ എഴുതിയത് എന്ന് മുഖ്യമന്ത്രി പറയണം. ഉത്തരം മുട്ടിയപ്പോൾ സ്വന്തം കമ്പനിയായ ഹെസിന് കൺസൾട്ടൻസി നൽകുകയാണ് മുഖ്യമന്ത്രി ചെയ്തത്. 2019 ജൂൺ 29 നു ധാരണ പത്രം ഒപ്പിട്ടു. ഹെസ് കമ്പനിയുടെ വെബ്സൈറ്റിൽ ഇത് ഉണ്ട്. നിക്‌സി എം പാനൽ പട്ടികയിൽ നിന്നും എന്ത് കൊണ്ട് പ്രൈസ് വാട്ടർ ഹൌസ് കൂപ്പറിനെ തെരെഞ്ഞെടുത്തു. കൺസൾട്ടൻസിയുടെ പേരിൽ കടുംവെട്ട് അഴിമതിയാണ് നടക്കുന്നത്. കൊവിഡ് മറയാക്കിയാണ് സർക്കാരിന്റെ കൊള്ള എന്നും ചെന്നിത്തല ആരോപിച്ചു. കമ്പനി ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചിരിക്കുകയാണ് കോൺഗ്രസ്.
ഇ-മൊബിലിറ്റി പദ്ധതിയിൽ കൺസൽട്ടൻസി കരാർ നൽകിയതിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്‍റെ ആരോപണം. ഇ-മൊബിലിറ്റി പദ്ധതി വഴി 4500 കോടി മുടക്കി 3000 ബസ്സുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിലാണ് അഴിമതി ആരോപണം. സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകയ്യെടുത്താണ് കരാർ എന്നുമാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam