ക്ലാസിൽ നിന്ന് ഇറക്കിവിട്ടു, സ്കൂളിൽ നിന്ന് പുറത്താക്കിയുമില്ല: ജോസിനെ പരിഹസിച്ച് കാനം

By Web TeamFirst Published Jul 2, 2020, 3:01 PM IST
Highlights

നിര്‍ബന്ധിത ടിസി വാങ്ങി വരുന്നവരെ ഇടത് മുന്നണിയിൽ പ്രവേശിപ്പിക്കണമെന്നില്ലെന്നും കാനം രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു. കേരളാ കോൺഗ്രസിന്‍റെ മുന്നണി പ്രവേശം നിലവിൽ അജണ്ടയിൽ ഇല്ല.

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശത്തെ കുറിച്ച് മനസ് തുറന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി വിപുലീകരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കക്ഷികൾ തമ്മിലോ മുന്നണിയിൽ പൊതുവിലോ വിപുലീകരണം ചര്‍ച്ചയായിട്ടില്ല.

ക്ലാസിൽ നിന്ന് ഇറക്കി വിട്ടു പക്ഷെ സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവിൽ ജോസ് കെ മാണി ഉള്ളതെന്നും നിര്‍ബന്ധിത ടിസി വാങ്ങി വരുന്നവരെ ഇടത് മുന്നണിയിൽ പ്രവേശിപ്പിക്കണമെന്നില്ലെന്നും കാനം രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു. 

കേരളാ കോൺഗ്രസിന്‍റെ മുന്നണി പ്രവേശം നിലവിൽ അജണ്ടയിൽ ഇല്ല. കേരളാ കോൺഗ്രസിന്‍റെ ജന പിന്തുണ എന്താണെന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പിൽ കണ്ടതാണ്. വിഭാഗീയതക്കാലത്ത് വിഎസിനെ വിമര്‍ശിക്കാൻ പിണറായി കടമെടുത്ത ബക്കറ്റിലെ വെള്ളം പരാമര്‍ശം വീണ്ടും ഓര്‍മ്മിപ്പിച്ചാണ് കേരളാ കോൺഗ്രസിന്‍റെ ജനപിന്തുണയെ കാനം രാജേന്ദ്രൻ വിലയിരുത്തിയത്. കടൽ വെള്ളത്തിന് ശക്തിയുണ്ട് പക്ഷെ അത് കോരി ബക്കറ്റിലാക്കിയാൽ അതിന് അങ്ങനെ ഉണ്ടാകണമെന്നില്ലെന്നും കാനം രാജേന്ദ്രൻ ഓര്‍മ്മിപ്പിച്ചു. 

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിയാണെന്നും ഇത് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെഴുതിയ  ലേഖനത്തിലെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും ഉള്ള എല്‍ഡിഎഫ് കൺവീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കാനം രാജേന്ദ്രന്‍റെ വിശദീകരണം. മുന്നണിക്കകത്ത് നിൽക്കുന്പോൾ എല്ലാവരും ശക്തിയാണ്. നേതാക്കൾ മാറുമ്പോൾ അണികൾ കൂടെ ഉണ്ടാകണമെന്നില്ല. കേരളാ കോൺഗ്രസിന്‍റെ പിന്തുണ മുന്നണിയുടെ കെട്ടുറപ്പിൽ നിന്ന് ഉണ്ടാകുന്നതാണ്. അത് ഏത് പാര്‍ട്ടിക്കും ബാധകമാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. 

click me!