
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബി.ജെ.പി-കോൺഗ്രസ് ഒത്തുകളി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽ.ഡി.എഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ഒത്തുകളി ആരോപിക്കുന്നത്. ഇടത് നേതാക്കളുടെ ഈ ആരോപണങ്ങളെല്ലാം വെറും 'ഉണ്ടയില്ലാ വെടി' മാത്രമാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് യാതൊരുവിധ ഒത്തുകളിയും നടന്നിട്ടില്ലെന്നും അതിന്റെ യാതൊരു ആവശ്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. "മുമ്പ് ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. എന്തുപറഞ്ഞാലും ഇപ്പോൾ ഒത്തുകളിയാണെന്നാണ് ഇവരുടെ വാദം. സ്വന്തം പാപം കഴുകിക്കളയാൻ ഒത്തുകളിച്ചവർ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതായി വാർത്തകളിൽ കണ്ടിരുന്നു. എന്നാൽ ആഭ്യന്തര സെക്രട്ടറി മുഖേനയാണ് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് വരേണ്ടത്. അത് ലഭിച്ച ശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ സുഗതന് കാപ്പ കേസിൽ ലഭിച്ച അനുകൂല ഉത്തരവ് കോടതി വിധിയാണ്. പോലീസ് നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. കോടതി എടുക്കുന്ന തീരുമാനങ്ങളെ വിമർശിക്കാൻ സാധിക്കില്ലല്ലോ. വിധി പകർപ്പ് പരിശോധിച്ച ശേഷം നിയമപരമായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam