
തിരുവനന്തപുരം: ചോര വീഴ്ത്തി കോൺഗ്രസിനെ തകർക്കാം എന്നാരും കരുതരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പേരാമ്പ്രയിൽ സമാധാനന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
"ചോര വീഴ്ത്തി കോൺഗ്രസിനെ തകർക്കാം എന്നാരും കരുതരുത്. പേരാമ്പ്രയിൽ സമാധാനന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നു. എംപി ആണെന്നറിയാമായിരുന്നിട്ടും ആ പരിഗണന പോലും കൊടുക്കാതെ മർദ്ദിക്കുകയായിരുന്നു. ഷാഫിയുടെ പരിപാടികൾ കലക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. അതിൻറെ തുടർച്ചയാണ് ഈ പോലീസ് അതിക്രമം. ഇതിന് നേതൃത്വം നൽകിയ മുഴുവൻ പോലീസുകാർക്കെതിരെയും അതിശക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം"
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. പൊലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam