കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പുതിയ അധ്യയന വർഷവും വികസന പ്രവർത്തനങ്ങളും കാരണം വർധിച്ച തിരക്ക് നിയന്ത്രിക്കാൻ വിവിധ വകുപ്പുകളുമായി ചേർന്ന് ഹ്രസ്വ, മധ്യ, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചു
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പുതിയ അധ്യയന വർഷം ആരംഭിച്ചതും മെട്രോ, ദേശീയപാത വികസന ജോലികൾ പുരോഗമിക്കുന്നതും നഗരത്തിൽ കനത്ത വാഹനത്തിരക്കിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ സ്ഥിരമായി കുടുങ്ങിക്കിടക്കുന്ന പ്രധാന ജങ്ഷനുകളും പോയിന്റുകളും കേന്ദ്രീകരിച്ച് തിരക്കൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് കമ്മീഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസ്, ഡിസിപി ഷഹൻഷാ ഐപിഎസ് എന്നിവർക്ക് പുറമെ പിഡബ്ല്യുഡി, കൊച്ചി മെട്രോ, എൻഎച്ച്എഐ, കൊച്ചി കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൊച്ചി സിറ്റി വെസ്റ്റ്, ഈസ്റ്റ് എസിപിമാരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളി, പാലാരിവട്ടം, ചേരാനല്ലൂർ, ഇടച്ചിറ, വൈറ്റില, തിരുവാങ്കുളം, തേവര, ബോൾഗാട്ടി, പള്ളിമുക്ക്, ഹൈക്കോടതി, കലൂർ, കടവന്ത്ര, പച്ചാളം, വാതുരുത്തി എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനായിരുന്നു യോഗം. യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ബന്ധപ്പെട്ട വകുപ്പുകളോട് കമ്മീഷണർ ആരാഞ്ഞു. പ്രശ്നപരിഹാരത്തിനായി ഹ്രസ്വകാല, മധ്യകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
ഗതാഗത തടസ്സങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതുവരെ കൊച്ചി സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും ഇത്തരത്തിൽ അവലോകന യോഗങ്ങൾ ചേരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. നിലവിലെ യോഗ തീരുമാനപ്രകാരമുള്ള നടപടികൾ അടുത്ത യോഗത്തിൽ വിലയിരുത്തുമെന്നും എത്രയും പെട്ടെന്ന് തന്നെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


