
തിരുവനന്തപുരം: ബാർ കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കും. വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസിന് മൊഴി കൊടുക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും കുടുംബവും ഫോണിൽ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചിരുന്നത്. എന്നാൽ ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളേ അല്ലെന്നാണ് രമേശ് ചെന്നിത്തല മറുപടി നൽകിയത്.
രമേശ് ചെന്നിത്തലക്ക് എതിരെ ബിജു രമേശിന്‍റെ വാക്കുകൾ ഇങ്ങനെ:
164 പ്രകാരം മൊഴി നൽകുന്നതിന് തലേദിവസം മുതൽ എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്. രാവിലെ ചെന്നിത്തലയുടെ ഗൺമാനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് രാവിലെ 11.30 ആയപ്പോൾ മറ്റൊരു സുഹൃത്തിൻ്റെ ഫോണിൽ നിന്നും ചെന്നിത്തല എന്നെ നേരിട്ട് വിളിച്ചു സംസാരിച്ചു. എന്നെ ഉപദ്രവിക്കരുത് അച്ഛനുമായൊക്കെ എനിക്ക് വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു.
തിരുത്തൽവാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാൽ എൻ്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയിൽ ചെന്നിത്തല പറഞ്ഞപ്പോൾ ആണ് ഞാൻ രഹസ്യമൊഴിയിൽ അദ്ദേഹത്തിൻ്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം അഭ്യന്തരമന്ത്രിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam