
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുണ്ട്. പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാര് ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്നും രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് വിലകയറ്റത്തിനെതിരെ ഐ എൻ ടി യു സി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.
അതേ സമയം പുതുപ്പള്ളിയിൽ പോരാട്ടം കനക്കുകയാണ്, പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരിനെ സന്ദർശിച്ചതിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സി പി എമ്മിന് എൻ എസ് എസിനോടല്ല അരോടും പിണക്കമില്ലെന്നും സ്ഥാനാർത്ഥിയുടെ സന്ദർശനത്തെ തിണ്ണനിരങ്ങലായി കണക്കാകേണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചത്. സമുദായ നേതാക്കളെ സ്ഥാനാർത്ഥികള്‍ കാണുന്നത് മര്യാദയാണ്. എൻ എസ് എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നതെന്നും എൻ എസ് എസ് എടുക്കുന്ന സമദൂര നിലപാട് പലപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പിണറായിയെ പരിഹസിച്ച് ചെന്നിത്തല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam