Mullaperiyar| മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിവോട് കൂടിയെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Nov 7, 2021, 2:27 PM IST
Highlights

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ച് കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സർക്കാരിൻ്റെ അറിവോടെ തന്നെയാണു മരംമുറിക്ക് അനുമതി നൽകിയിരിക്കുന്നത് എന്നാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ (mullaperiyar ) മരം മുറിക്ക് അനുമതി നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുകയാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിനു രക്ഷപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ച് കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സർക്കാരിൻ്റെ അറിവോടെ തന്നെയാണു മരംമുറിക്ക് അനുമതി നൽകിയിരിക്കുന്നത് എന്നാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാടുകളും തമിഴ്നാടിനു സഹായകരമായിരുന്നു. സമിതിക്ക് മുന്നിലും സർക്കാർ ഒത്ത് കളിച്ചുവെന്ന് വ്യക്തമാകുന്നതാണു മരംമുറിക്ക് നൽകിയ  അനുമതി. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനു ഗുരുതര വീഴ്ചകളാണ് അടിക്കടി ഉണ്ടാകുന്നത്. ഇത് സർക്കാർ ബോധപുർവ്വം ചെയ്യുന്നതാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം മുല്ലപ്പെരിയാർ  ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരം മുറി ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും അന്തർ സംസ്ഥാന പ്രശ്നമായ മുല്ലപ്പെരിയാരിൽ സർക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. തുടർ നടപടികൾ മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയ്യാറായത്. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.  മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്. 

എന്താണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ്

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് തമിഴ്നാടിന് കേരളം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതാണ് വലിയ വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്നാട് കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്. 

Read More: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും, നടപടി ബേബി ഡാം ബലപ്പെടുത്തിയ ശേഷം: തമിഴ്നാട് മന്ത്രി

മരം മുറിക്കുന്നതിന് കേരളം അനുമതി നൽകിയതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താൻ ഉള്ള തടസം നീങ്ങിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.  കേരളത്തിന്റെ നടപടിക്ക് നന്ദിയറിയിച്ച സ്റ്റാലിൻ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തിൽ പരാമർശിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുകയാണ്. മാത്രമല്ല വണ്ടിപ്പെരിയാർ-പെരിയാർ ഡാം റോഡ് അറ്റകുറ്റപ്പണിക്കും തമിഴ്‌നാട് അനുമതി തേടിയിട്ടുണ്ട്. 

അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്  അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തിയത്. കേരളത്തിൻ്റെ മുന്നിൽ തമിഴ്നാടിൻ്റെ അധികാരങ്ങൾ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സർക്കാരെന്ന് പനീർസെൽവം കുറ്റപ്പെടുത്തി. വിഷയത്തിൽ ഡിഎംകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്. 

Read More: 'അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോ, അത് ഞാൻ അറിയേണ്ടതല്ലല്ലോ',വിചിത്ര പ്രതികരണവുമായി മന്ത്രി

click me!