
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി (Gold smuggling case swapna affidavit) സ്വപ്ന സുരേഷ് (Ramesh chennithala ) കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് കേസിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് നേരത്തെ ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. എന്നിലിപ്പോൾ കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്. സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇനിയും പലതും പുറത്ത് വരും. കൃത്യമായ അന്വേഷണം നടത്തണം. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തിനെ കുറിച്ചാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്'. അത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. അല്ലെങ്കിലിപ്പോൾ പത്രസമ്മേളനം നടത്തിയെനെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സത്യം മൂടിവെക്കാൻ കഴിയില്ല. അത് സ്വർണ്ണ പാത്രത്തിലാണെങ്കിലും ബിരിയാണി പാത്രത്തിലായാലും കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‍ന
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിക്കുന്നത്.