
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ. ചികിത്സാ പിഴവ് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരോൺ വി. വർഗീസ് മരിച്ചത്. റാന്നി മാർത്തോമാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു പരാകതി. ഈ പരാതിയിൽ അന്വേഷണം നടത്തിയശേഷമാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടുവെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
ഇതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിര്‍ദേശം നൽകി. ചികിത്സിച്ച ഡോക്ടർ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിലും സംശയമുണ്ടെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിക്ക് സഹായമേകാൻ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാർത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്നും കമ്മീഷൻ കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam