മുംബൈ/കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി കോടതിയിലേക്ക്. ബിനോയ് ഇന്ന് മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. അതേസമയം ബിനോയിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് മുംബൈ പൊലീസ് നൽകുന്നത്.
കഴിഞ്ഞ ദിവസം മുതൽ ബിനോയ് കോടിയേരിയുടെ രണ്ട് ഫോൺ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്രമം. ഇന്ന് തന്നെ കോടതിയിൽ ജാമ്യഹർജി നൽകുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും വിവരമുണ്ട്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നൽകിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്.
യുവതിയുടെ പരാതിയിൽ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബൈ പൊലീസ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. ബിനോയിയെ കണ്ടെത്തുക എന്നതാണ് പൊലീസ് സംഘത്തിന്‍റെ ലക്ഷ്യം. യുവതി നൽകിയ ഫോട്ടോകളും കോൾ റെക്കോർഡും വീഡിയോകളുമടക്കം ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബൈയിൽ തുടരുകയാണ്. സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. അതേസമയം, യുവതിയോടൊപ്പം ബാന്ദ്ര വെസ്റ്റിൽ ബിനോയ് വാടകയ്ക്ക് താമസിച്ചിരുന്നു എന്നതിന്‍റെ രേഖകൾ മുംബൈ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read Also: ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്, പൊലീസിന് മൊഴി നൽകി
മുംബൈയിലെ ഒരു ബാറിലെ ഡാൻസറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതൽ 2018 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam