
കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കടുത്ത ഭാഷയിൽ സിപിഎം വിമര്‍ശിച്ചു.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പികെ പ്രേംനാഥായിരുന്നു കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പന്നിയങ്കരയിൽ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം കടുത്ത വിമര്‍ശനം ഉന്നയിച്ചത്. തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് സിപിഎം പരസ്യമായി കുറ്റപ്പെടുത്തി. രാജൻ കേസിൽ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് പിണറായിയെ വിമർശിക്കാൻ എന്ത് അർഹതയെന്നും സിപിഎം ചോദിച്ചു.
ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് സിപിഎം നേതാവ് പറഞ്ഞു.
തെളിവുകൾ പൊലീസ് സൃഷ്ടിച്ചതല്ല, സ്ത്രീകളടക്കമുള്ള 15 ഓളം പേരുടെ സാന്നിധ്യത്തിൽ ആ രണ്ട് ചെറുപ്പക്കാരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതാണ്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം, പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേംനാഥ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam