
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിൽ ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പത്തനംതിട്ട മൈലപ്രയിലുള്ള ജോബിയുടെ സുഹൃത്തിന്റെ വീട്ടിൽ പ്രത്യേക പൊലീസ് സംഘം എത്തി. ജോബിയുടെ കൂട്ടുകാരൻ അജീഷിന് നോട്ടീസ് നൽകി പൊലീസ് സംഘം മടങ്ങി. നാളെ 10 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകാനാണ് നിർദ്ദേശം. ഫോൺ സ്വിച്ച് ഓഫ് ആകും മുൻപ് ജോബി അവസാനമായി വിളിച്ചത് അജീഷിനെയാണ്. രാഹുലിന്റെയും ജോബിയുടെയും മറ്റ് സുഹൃത്തുക്കളുടെ വീടുകളിലും പ്രത്യേക പോലീസ് സംഘം എത്തിയിരുന്നു.
നേരത്തെ, രാഹുലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിൽ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഫെനി അടൂരിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് രാഹുലിൻ്റെ ഡ്രൈവറിൽ നിന്ന് മൊഴിയെടുത്തു. രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ചാണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണമാണ് നടത്തുന്നതെന്ന് പൊലീസ് സംഘം പറഞ്ഞു.
അതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് കൂടിചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വറെ നാളെ മജിസ്സ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതികാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam