
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് എൽദോസ് കുന്നപ്പള്ളി ജാമ്യാപേക്ഷ നൽകിയത്. അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആലുവ സ്വദേശിയായ യുവതിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം നൽകിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കോവളം പൊലീസിൽ വിശദമായ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തെ സ്കൂൾ അധ്യാപികയായ യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെ:
ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളിൽ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു. കോവളം പൊലീസിനെതിരെയും യുവതി ഗുരുതര ആരോപണം ഉന്നയിക്കുന്നു. പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ ആരോപണം.
പരാതി നൽകിയതിന് ശേഷം ഈ മാസം 9 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും തന്നെ എംഎൽഎ ബലമായി പിടിച്ചിറക്കി. എംഎൽഎ തന്നെ കോവളം എസ് എച്ച് ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്ത് തീർപ്പായെന്ന് എംഎൽഎ അറിയിച്ചു. എഴുതി നൽകാൻ എസ് എച്ച് ഒ ആവശ്യപ്പെട്ടു. എസ് എച്ച് ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ടി ബ്ലാക്ക് മെയിൽ ചെയ്തവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകി. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.
അതേസമയം, ഒത്ത് തീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം കോവളം പൊലീസ് തള്ളി. പരാതി നൽകിയതിന് പിന്നാലെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യുവതി മൊഴി നൽകാൻ എത്തിയില്ലെന്നാണ് കോവളം പൊലീസ് വിശദീകരണം. കഴിഞ്ഞ മാസം 29നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി എംൽഎക്കെതരെ പരാതി നൽകിയത്. അതിൽ ദോഹോപദ്രവും ഏല്പിച്ചു എന്ന് മാത്രമായിരുന്നു പറഞ്ഞത്. മൊഴി എടുക്കൽ വൈകുന്നതിനിടെ കഴിഞ്ഞ ദിവസം നാടകീയമായി ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന പരാതി വഞ്ചിയൂർ പൊലീസിന് നൽകിയത്.
ഇതിനിടെ യുവതിയെ നെയ്യാറ്റിൻകരയിൽ നിന്നും കോവളം പൊലീസ് കണ്ടെത്തി. കാണാനില്ലെന്ന കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. വിശദമായ മൊഴി നൽകാൻ യുവതി കോവളം സ്റ്റേഷനിൽ രാവിലെയെത്തി. മൊഴി എടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, എൽദോസ് കുന്നംപള്ളി എംഎൽഎക്കെതിരായ പീഡന പരാതിയിൽ കോൺഗ്രസ് നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ ഒരു തരത്തിലുള്ള അതിക്രമവും കോൺഗ്രസ് വച്ചു പൊറുപ്പിക്കില്ല. വസ്തുത പരിശോധിച്ച് കെപിസിസി പ്രസിഡന്റ് തീരുമാനം അറിയിക്കുമെന്നും സതീശൻ മലപ്പുറത്ത് പ്രതികരിച്ചു.