കൊവിഡിൻ്റെ സാമൂഹിക വ്യാപനം കണ്ടെത്താൻ സംസ്ഥാനത്ത് ദ്രുതപരിശോധന തുടങ്ങി

By Web TeamFirst Published Jun 8, 2020, 1:27 PM IST
Highlights

പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളടക്കം പലയിടത്തും അസാധാരണമായ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന സംശയം ആരോഗ്യവിദഗ്ധർക്കുണ്ട്. 

തിരുവനന്തപുരം:  കൊവിഡിൻറെ സാമൂഹിക വ്യാപനസാധ്യത കണ്ടെത്താനായി സംസ്ഥാനത്ത് ദ്രുതപരിശോധന തുടങ്ങി. ആദ്യ ദിവസം ആരോഗ്യപ്രവർത്തകരിലാണ് പരിശോധന. രോഗഭീഷണി കുറെക്കാലം കൂടി തുടരുമെന്നതിനാൽ ഇപ്പോൾ ഉള്ള ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പരിശോധന കൂട്ടിയാണ് മൂന്നാം ഘട്ടത്തിൽ സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കാനൊരുങ്ങുന്നത്. പിസിആർ ടെസ്റ്റിനെ പുറമെയാണ് ദ്രുതപരിശോധന. ഒരു ലക്ഷം കിറ്റുകൾ ആവശ്യപ്പെട്ടതിൽ ഇതുവരെ കിട്ടിയ പതിനായിരം കിറ്റുകൾ ഉപയോഗിച്ചാണ് ആൻറി ബോഡി പരിശോധന. 

പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളടക്കം പലയിടത്തും അസാധാരണമായ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന സംശയം ആരോഗ്യവിദഗ്ധർക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദ്രുതപരിശോധന. പിസിആർ ടെസ്റ്റ് ഇന്നലെ നാലായിരമാക്കിയിരുന്നു. 

ഹോം ക്വാറൻ്റീൻ ആണം മെച്ചമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് അതിലേക്ക് മാറിയതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. അതേ സമയം വീട്ടിൽ സൗകര്യമില്ലാത്തവർ സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലേക്ക് മാറ്റും. സമ്പർക്കരോഗികളാണ് ഈ ഘട്ടത്തിലെ പ്രധാനവെല്ലുവിളി. 

മെയ് നാല് വരെയുള്ള സമ്പർക്ക രോഗികളുടെ എണ്ണത്തെക്കാ‌ൾ ഇത് കുറവാണെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും സമ്പർക്കം വഴിയുള്ള രോഗബാധ തുടരുന്നതിൽ സർക്കാറിന് ആശങ്കയുണ്ട്. മൂന്നാം ഘട്ടത്തിൽ ഇതുവരെ 148 പേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്.

click me!