വിദ്യാർത്ഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലഹരിവസ്തുക്കൾ കണ്ടെത്താൻ കുട്ടികളുടെ അന്തസ്സിന് കോട്ടമില്ലാതെ ബാഗുകൾ പരിശോധിക്കാമെന്നും സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന. സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണമെന്നും സ്കൂൾ സമയം അവസാനിക്കുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും നിർദേശം നൽകി.

അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. ഹെയർ സ്റ്റൈൽ, യൂണിഫോം എന്നിവ സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്കൂൾ അധികൃതർ നിർദേശങ്ങൾ നൽകണം. സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി. കമ്മീഷന്റെ നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണം. സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്.