
ആലപ്പുഴ: ചെളി നീക്കുന്നതിന്‍റെ മറവില്‍ വരട്ടാര്‍ ,ആദി പമ്പ നദികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിയിട്ടും കരാറുകാരെ പിന്തുണച്ച് ചെങ്ങന്നൂർ ആര്‍ഡിഒ. മണല്‍ക്കൊള്ളക്കെതിരെ ജനകീയ സമിതി നല്കിയ ഹർജിയിലാണ് കരാറുകാരുടെ ഭാഗത്ത് നിയമവിരുദ്ധമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആര്‍ഡിഒ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്നാല്‍, മണലൂറ്റുന്ന കടവുകള്‍ സന്ദർശിക്കുക പോലും ചെയ്യാതെയാണ് ആര്‍ഡിഓ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്കിയതെന്ന് ചെങ്ങന്നൂര് നഗരസഭ അദ്ധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രളയത്തിന്‍റെ മറവിൽ നടക്കുന്ന മണല്‍ കൊള്ളയിൽ കരാറുകാരെ പിന്തുണച്ചാണ് ചെങ്ങന്നൂർ ആര്‍ഡിഒയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിയിട്ടും കരാറുകാരനെ ന്യായീകരിച്ചാണ് ആർഡിഒ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകിയത്. മണൽ കൊള്ളക്കെതിരെ ജനകീയ സമിതി നല്കിയ ഹർജിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കലക്ടറോ ഉന്നത ഉദ്യോഗസ്ഥരോ കടവുകള്‍ സന്ദർശിച്ച് റിപ്പോര്‍ട്ട് നല്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കരാറുകാര്‍ മണൽ കൊള്ള നടത്തുന്നില്ലെന്ന് ആർഡിഒ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് പക്ഷേ കടവ് സന്ദർശിക്കാതെയാണ്. റിപ്പോർട്ടിന് പിന്നാലെ ആര്‍ഡിഒക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ തന്നെ രംഗത്ത് എത്തി. മണല്‍കൊള്ള നടക്കുന്ന കടവുകള്‍ ആര്‍ഡിഒ സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ പറയുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആർഡിഒ ചെയ്തതെന്ന് നഗരസഭാ അധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുഴയെ കീറിമുറിച്ച്,യന്ത്രങ്ങളിറക്കിയും മറ്റും നടത്തുന്ന വന്‍ തോതിലുള്ള മണലൂറ്റ് പരിസ്ഥിതിയെ മാത്രമല്ല, കുടിവെള്ളം പോലും മുടങ്ങുമെന്ന തിരിച്ചറവില്‍ നിന്നാണ് നാട്ടുകാരുടെ ജനകീയ സമരസമിതി രൂപീകരിക്കപ്പെട്ടത്. തുടർന്നാണ് സമിതി ഹര്‍ജിയുമായി ഹൈക്കോടതിയിൽ എത്തിയത്. യന്ത്രവല്‍ക്കൃത ഡ്രഡ്ജിംഗ് നിര്‍ത്തണം.നദീതടം താഴ്ത്തി മണലെടുക്കരുത്.പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടായാക്കാതെ ചെളി മാറ്റണം. ഇതൊക്കെയായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ ഹർജിയിലാണ് ജില്ലാ കലക്ടറോ ചുമതലപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥനോ നേരിട്ട് സ്ഥലം സന്ദര്ശിച്ച് റിപ്പോര്‍ട്ട് നല്‍കാന് ഹൈക്കോടതി ഉത്തരവിട്ടത്.
ചെളി നീക്കുന്നതിൻ്റെ മറവില് എന്താണ് നടക്കുന്നതെന്ന് കണ്ടെത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത് ചെങ്ങന്നൂര് ആര്‍ഡിഒക്കാണ്. പതിമൂന്ന് കടവുകളില്‍ നിന്നായി മണിക്കൂറില് എട്ടും പത്തും ലോഡ് മണല് കയറ്റി ലോറികൾ പായുമ്പോൾ പക്ഷേ ആർഡിഒ ഒന്നും കണ്ടില്ല. ചട്ടവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്നായിരുന്നു ആർഡിഒയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
രണ്ട് മാസം മുൻപ് ജലസേചനവകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയര്‍ കരാറുകാരന്‍റെ മണൽ കൊള്ളയെചോദ്യം ചെയത് കാര്യവും റിപ്പോര്‍ട്ടിൽ മറച്ചുവെച്ചു. ജിയോളജി, ഇറിഗേഷൻ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിക്ക് മറുപടി നൽകിയതെന്നും ഇതേക്കുറിച്ച് കൂടുതലറിയാൻ ആ വകുപ്പുകളിൽ ചോദിക്കണമെന്നുമാണ് ആർഡിഒയുടെ നിലപാട്.
മണല്‍ കൊള്ള നിര്‍ത്തണം എന്നാവശ്യപ്പെട്ട് നഗരസഭ കരാറുകാരന് കഴിഞ്ഞ മാർച്ചിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിനത്തിന്‍റെ മറവില്‍ കരാറുകാരന് സ്റ്റോപ്പ് മെമ്മോ തളളി. ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ റവന്യൂ ,പൊലീസ് അധികൃതരോ്ട ആവശ്യപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇനി ഹൈക്കോടതിയിലാണ് നാട്ടുകാരുടെ പ്രതീക്ഷ.