
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും ഉണ്ടാക്കിയ ധാരണപത്രം സർക്കാർ ഇന്ന് പുനഃപരിശോധിക്കും. സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉപാധികള്‍ ഉണ്ടെങ്കിൽ കരാർ റദ്ദാക്കണം എന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന. ധാരണപത്രത്തിന്റെ എല്ലാ വിശദാംശങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് ചോദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പ്, മുഖ്യമന്ത്രി അറിയാതെ ധാരണാപത്രവുമായി മുന്നോട്ട് പോയതിൽ അതൃപ്തിയുണ്ട്. എന്നാൽ കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിലുള്ള ധാരണപത്രവും നാലേക്കർ ഭൂമി ഇവർക്ക് നൽകിയതുമായി ബന്ധപ്പെട്ട ഉത്തരവും റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ല.
ഇത് സർക്കാർ നയങ്ങൾക്ക് അനുസരിച്ചാണെന്നാണ് വിലയിരുത്തൽ. അതേസമയം, ആഴക്കടൽ മത്സ ബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെഎസ്ഐഎൻസി ഓഫീസിലേക്ക് മാർച്ച് നടത്തും.
കൊച്ചി തോപ്പുംപ്പടി ഹാർബറിലുള്ള ബോട്ട് യാർഡിലെ ഓഫീസിലേക്കാണ് പ്രതിഷേധം. സിപിഎം അനുകൂല സംഘടന ഒഴിച്ച് മത്സ്യ മേഖലയിലെ മുഴുവൻ സംഘടനകളും സമരത്തിൽ പങ്കാളികളാകും. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കണം എന്നാണ് ആവശ്യം. മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വീട്ടിലേക്ക് വൈകിട്ട് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാസം 27 ന് തീരദേശ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam