
തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാൽ കെ സി വേണുഗോപാലിന് മത്സരിക്കാൻ ആലപ്പുഴയിൽ നിന്ന് മാറികൊടുക്കാമെന്ന് നിയുക്ത എംഎൽഎ എ ഡി തോമസ്. അഭിപ്രായം നിരീക്ഷകര്‍ക്ക് മുന്നിൽ തുറന്നുപറയാൻ കഴിഞ്ഞിട്ടുണ്ട്. ബൂത്ത് പ്രസിഡന്‍റ് മുതൽ എഐസിസി വരെ എല്ലാവര്‍ക്കും അഭിപ്രായം പറയാൻ കഴിയുന്ന പാര്‍ട്ടിയാണ് കോൺഗ്രസ്. എല്ലാവരുടെയും അഭിപ്രായങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ കഴിയും. അതിലൊരു തെറ്റുണ്ടെന്ന് തോന്നുന്നില്ല. കെസി മുഖ്യമന്ത്രിയായാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം അഭ്യൂഹമാണല്ലോ എന്ന് എ ഡി തോമസ് പറഞ്ഞു. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുക എന്നാണ് എളിയ പ്രവര്‍ത്തകര്‍ എന്ന നിലയിൽ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രിയാരെന്ന് പറയാൻ വലിപ്പമുള്ള നേതാവല്ല താനെന്നും എ ഡി തോമസ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി - ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.
അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam