എൽജെഡി നാളെ രണ്ടായി പിരിയും: ശ്രേയാംസ് കുമാറിനെതിരെ നടപടിക്കൊരുങ്ങി വിമതവിഭാഗം

By Web TeamFirst Published Nov 25, 2021, 1:57 PM IST
Highlights

നേതൃത്വത്തെ വെല്ലുവിളിച്ച് അച്ചടക്ക നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിൻറെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം.

തിരുവനന്തപുരം: എൽ .ജി.ഡി.യിൽ |(LJD) നാളെയോടെ പിളർപ്പ് ഉറപ്പായി. വിമത വിഭാഗം നാളെ യോഗം ചേർന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്കുമാറിനെ (mv shreyams kumar) നടപടി എടുത്ത് പുതിയ കമ്മിറ്റി പ്രഖ്യാപിക്കും. അതേ സമയം വിമതർക്കെതിരായ അച്ചടക്കനടപടി കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശമനുസരിച്ചാണെന്ന് ശ്രേയാംസ് കുമാർ പ്രതികരിച്ചു.

നേതൃത്വത്തെ വെല്ലുവിളിച്ച് അച്ചടക്ക നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിൻറെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം. എൽജെഡിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയംസ്കുമാർ പ്രഖ്യാപിച്ച അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നാണ് ഇരുവരുടേയും നിലപാട്. നോമിനേറ്റ് ചെയ്യപ്പെട്ട സംസ്ഥാന പ്രസിഡൻ്റിന് സഹഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ അധികാരമില്ലെന്നാണ് വിമതവിഭാഗം നേതാക്കളുടെ നിലപാട്. 17-ന് തീരുവനന്തപുരത്ത് ചേർന്ന വിമത വിഭാഗം യോഗം ചുമതലപ്പെടുത്തിയ 15 അംഗ കമ്മറ്റി നാളെ യോഗം ചേർന്ന് തുടർ നടപടി തീരുമാനിക്കും. തങ്ങൾ എൽ.ഡി.എഫിൽ തുടരുമെന്നും ജെഡിഎസിൽ ലയിക്കില്ലെന്നും നേതാക്കൾ പറയുന്നു. 

നാല് ജില്ലാ പ്രസിഡമ്ടുമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെട്ടു. തങ്ങൾ എൽജെഡിയായി തന്നെ നിലനിൽക്കും. കൂടുതൽ പ്രവർത്തകർ തങ്ങൾക്കൊപ്പം വരുമെന്നും ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് ജെഡിഎസിൽ ലയിക്കാൻ പോകുന്നതെന്നും ഷേഖ് പി ഹാരിസ് പറഞ്ഞു. ഇവരുടെ ലയനം  മാർച്ചിൽ ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും  മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്നും ഷേഖ് പി ഹാരിസ് പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെയ്ഖ് പി ഹാരിസിനും സുരേന്ദ്രൻപിള്ളക്കുമെതിരെ കേന്ദ്രനേതൃത്വവുമാണ് നടപടി എടുക്കേണ്ടെന്നാണ് വിമതരുടെ നിലപാട്. എന്നാൽ ദേശീയ ജനറൽ സെക്രട്ടറി ജാവേദ് റാസായുടെ അനുമതിയോടെയാണ് നടപടി എന്ന് ശ്രേയാംസ്കുമാർ വിശദീകരിച്ചു. എൽജെഡി രണ്ടാകുമ്പോൾ ഇനി സിപിഎം നിലപാടാണ് പ്രധാനം.

click me!