
തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ. നിലവിൽ പി.എസ്.സി അംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഇതിൽ മാറ്റം വരുത്തണമെന്നും ബിരുദം (Degree) അടിസ്ഥാന യോഗ്യതയാക്കണമെന്നും പൊതുഭരണ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
പിഎസ്‍സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റർവ്യൂ ബോർഡ് വേണമെന്നും, അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കൃത്യമായി പരിശോധിക്കണമെന്നും ശുപാർശയിലുണ്ട്. കൂടാതെ, പിഎസ്‍സിയിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്നും പൊതുപ്രവർത്തകരെ അംഗങ്ങളാക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സമർപ്പിച്ച ശുപാർശ വ്യക്തമാക്കുന്നു.
അതേസമയം, പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ചെയർമാൻ്റെ നിയമന അധികാരി ഗവർണറാണ്. എന്നാൽ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം ഉള്ളത്. സുപ്രീം കോടതി അനുമതി കൂടി ഉണ്ടായാൽ മാത്രമേ പിഎസ്‍സി ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാവൂ. ചെയർമാനെതിരെ നിരവധി പരാതികളാണ് ലോക് ഭവന് കിട്ടിയത്. തുടർന്ന് ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനം എടുത്തത്. ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് നൽകിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. കേസെടുത്ത സാഹചര്യവും ഉദ്യേഗസ്ഥർക്കെതിരെ നടപടിവേണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam