അതീവ ജാഗ്രത, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, കടലാക്രമണം രൂക്ഷം, അറബിക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി

Published : May 14, 2021, 06:04 PM ISTUpdated : May 14, 2021, 06:11 PM IST
അതീവ ജാഗ്രത, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, കടലാക്രമണം രൂക്ഷം, അറബിക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി

Synopsis

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വൈകിട്ടോടെ അതിതീവ്ര ന്യൂനമർദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകി. 

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. 

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വൈകിട്ടോടെ അതിതീവ്ര ന്യൂനമർദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകി. 

അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm)മാറുമെന്നും ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 

കേരളത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി. 

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കൊവിഡ് പ്രോട്ടോക്കോൾ അടക്കം പാലിച്ച് 356 ക്യാമ്പുകളാണ് ജില്ലയിൽ സജ്ജമാക്കിയിട്ടുള്ളത്. ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.കടൽ കയറി പരവൂർ തീരദേശ റോഡ് ഭാഗികമായി തകർന്നു. മുക്കം പൊഴി ഭാഗത്താണ് തകർന്നത്.തീതീരദേശറോഡിലെ ഗതാഗതം മുടങ്ങി. 

തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അഞ്ചുതെങ്ങ് - പൂത്തുറ- പെരുമാതുറ മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. 180 വീടുകളിൽ വെള്ളം കയറി. 3 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. കൂടുതൽ പേർ ക്യാമ്പുകളെ ആശ്രയിക്കാതെ ബന്ധുവീടുകളിലേക്ക് പോകാനാണ് ശ്രമിക്കുന്നത്. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. 

തൃശൂർ ചാവക്കാട്, കൊടുങ്ങല്ലൂർ തീരമേഖലയിൽ കടല്‍ക്ഷോഭം ശക്തമാണ്. ചാവക്കാട് നിരവധി വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കൊടുങ്ങല്ലൂർ തീരമേഖലയിൽ എറിയാട് ഒരു വീട് ഭാഗികമായി തകർന്നു. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നിരവധി  വീടുകൾ വെള്ളത്തിലായി. ഒരു കിലോമീറ്ററിലധികം പ്രദേശം വെള്ളക്കെട്ടിനുള്ളിലാണ്. 

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാറാം വാർഡിൽ പല്ലന തോപ്പിൽ മുക്ക്  മുതൽ പല്ലന ചന്ത വരെയുള്ള ഭാഗങ്ങളിൽ അതി ശക്തമായ കടൽക്ഷോഭമാണുള്ളത്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഏകദേശം പത്തോളം വീടുകൾ ഏത് സമയവും കടൽ എടുക്കാമെന്ന് അവസ്ഥയിലാണ്. 

മലപ്പുറം പൊന്നാനി വെളിയങ്കോട് ശക്തമായ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ, പാലപ്പെട്ടി  മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ആവശ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കാൻ വെളിയങ്കോട് ഫിഷറീസ് എൽ.പി സ്കൂൾ സജ്ജമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
പിണറായി വിജയൻ ആരാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍