
ദില്ലി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്. അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ ഐ എ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam