
തിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നല്‍കി. ചട്ടങ്ങൾ ലംഘിച്ച് കാംപസിനകത്ത് പന്തൽ കെട്ടിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജീവനക്കാരുടെ ജോലിയെ ഇത് തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടികാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്. പന്തൽ പൊളിക്കാൻ ജീവനക്കാരോടാണ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും സംഘർഷം ഭയന്ന് വിസമ്മതിച്ച സാഹചര്യത്തിലാണ് ഡിജിപിക്ക് കത്ത് നല്‍കിയത്.
സര്‍വകലാശാല ആസ്ഥാനത്തിനകത്ത് വൈസ് ചാന്‍സലര്‍ക്കെതിരെയാണ് എസ്എഫ്ഐ അനിശ്ചിതകാല സമരം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടന്ന നാല് മാസം കഴിഞ്ഞിട്ടും യൂണിയന് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പന്തൽ കെട്ടിയുള്ള സമരം. ഇന്നലെ സമരം തുടങ്ങിയതിന് പിന്നാലെ പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് വിസി രജിസട്രാർക്ക് നിർദ്ദേശം നൽകി.
ഗേറ്റിന് പുറത്താണ് സാധാരണ സമരം നടക്കാറുളളത്. കാമ്പസിനുള്ള പന്തല് കെട്ടാറില്ല. മാത്രമല്ല, മൈക്ക് ഉപോയിച്ചുള്ള സമരം ജീവനക്കാരുടെ ജോലിയെ ബാധിക്കുന്നു. എന്നാൽ പന്തൽ പൊളിക്കാനുള്ള രജിസ്ട്രാറുടെ നിർദ്ദേശം സംഘർഷം ഭയന്ന് ജീവനക്കാർ അംഗീകരിച്ചില്ല. തുടർന്നാണ് ഡിജിപിക്ക് കത്ത് നല്‍കിയത്. പന്തൽ പൊളിക്കാൻ പൊലീസ് എത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ് കോംപൗണ്ടിനുള്ളിൽ പന്തൽ കെട്ടുന്നത് തടയാതിരുന്നതിന് മൂന്ന് സെക്യൂരിറ്റ് ജീവനക്കാര്ക്ക് രജിസ്ട്രാര് കാരണം കാണിക്കൽ നോട്ടീസും നല്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam