യുഎപിഎ കേസ് പൊലീസിന്‍റെ നാടകം: ആരോപണം മുറുക്കി പ്രതികളായ യുവാക്കളുടെ ബന്ധുക്കൾ

By Web TeamFirst Published Nov 3, 2019, 6:23 AM IST
Highlights

താഹയെ പൊലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല. വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കിൽ ആദ്യം തന്നെ അറസ്റ്റ് ചെയ്യണമെന്ന് അലന്റെ അമ്മ സബിത മഠത്തിൽ.

കോഴിക്കോട്: പന്തിരാങ്കാവിലെ യുഎപിഎ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ് പൊലീസ് സൃഷ്ടിയെന്ന ആരോപണം ശക്തമാക്കി യുവാക്കളുടെ ബന്ധുക്കൾ. തെളിവെടുപ്പിനായി വീട്ടിലെത്തിച്ച താഹ ഫസലിനെ പൊലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല പറ‌‌ഞ്ഞു. ഇത് ചിത്രീകരിക്കാൻ പൊലീസ് തയ്യാറായി നിന്നിരുന്നെന്നും ജമീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധമുള്ളവരായി ചിത്രീകരിക്കാൻ പൊലീസിന്‍റെ നാടകീയ ശ്രമങ്ങളുണ്ടായെന്ന ആരോപണം ശക്തമാക്കുകയാണ് ബന്ധുക്കൾ. കഞ്ചാവ് കേസിൽ കുടുക്കാതിരിക്കാൻ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കണമെന്ന് പൊലീസ് മകനെ നിർബന്ധിച്ചുവെന്നും താഹയുടെ അമ്മ ജമീല വെളിപ്പെടുത്തി. ഈ ആരോപണത്തെ ശക്തിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Read More: 'എന്നെ ക‌ഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി': അറസ്റ്റിനു മുൻപുള്ള താഹയുടെ ദൃശ്യങ്ങൾ

പൊലീസ് മർദ്ദിച്ച വിവരം പറഞ്ഞയുടൻ ഉദ്യോഗസ്ഥർ താഹയുടെ വായ പൊത്തിപ്പിടിച്ചെന്നും ജമീല ആരോപിച്ചു. മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണങ്ങൾ എന്ന വ്യാജേന പൊലീസ് എടുത്തുകൊണ്ട് പോയത് താഹയുടെ പാഠ പുസ്തകങ്ങളാണ്. അയൽവാസികളെ വിളിച്ച് വരുത്തിയ ശേഷം മാത്രം മുദ്രാവാക്യം വിളിപ്പിച്ചത് സാക്ഷികളെ ഉണ്ടാക്കാൻ വേണ്ടിയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Read More: 'അവനെക്കൊണ്ട് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് മുദ്രാവാക്യം വിളിപ്പിച്ചു'; പൊലീസിനെതിരെ താഹയുടെ അമ്മ

അതേ സമയം വീട്ടിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കിട്ടിയെന്ന വാദം തെറ്റാണെന്ന് അലൻ ഷുഹൈബിന്‍റെ അമ്മ സബിത മഠത്തിൽ പറഞ്ഞു. ഇടതുപക്ഷ നയത്തിനെതിരെയാണ് പൊലീസ് പ്രവർത്തിക്കുന്നത്...വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കിൽ ആദ്യം തന്നെ അറസ്റ്റ് ചെയ്യണമെന്നും സബിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം മകനൊപ്പം അറസ്റ്റിലായ താഹ ഫസലിനെ അറിയില്ലെന്നും സബിത മഠത്തിൽ പറഞ്ഞു.

യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും കേസ് കെട്ടിച്ചമച്ചതാണെന്ന അരോപണം കൂടുതൽ മുറുക്കുകയാണ് യുവാക്കളുടെ ബന്ധുക്കൾ.

Read More: ഇടതുപക്ഷ നയത്തിനെതിരാണ് പൊലീസിന്‍റെ പ്രവൃത്തി എന്ന് അലന്‍റെ അമ്മ

അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജയിലിൽ നിന്ന് തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം ആയിരുന്നു. രക്ഷിതാക്കളെ പൊലിസാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരേയും മാറ്റാനുള്ള തീരുമാനം പൊലീസിന്റേതല്ലെന്നും കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കിയിരുന്നു. 
 

click me!