സാമ്പത്തിക ക്രമക്കേട് ചോദ്യം ചെയ്തു: ആദിവാസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥക്ക് അട്ടപ്പാടി ആപ്കോസിൽ മാനസിക പീ‍ഡനം

By Web TeamFirst Published Nov 3, 2019, 12:01 AM IST
Highlights

സമ്മർദ്ദം കാരണം കുഴഞ്ഞുവീണ ഉദ്യോഗസ്ഥ ശാന്താമണി ആശുപത്രിയിൽ. സംഘാംഗങ്ങളിൽ നിന്ന്  നിരന്തരം വധഭീഷണി ഉണ്ടായെന്ന് ശാന്താമണി.

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ക്ഷീരസഹകരണസംഘത്തിലെ സാമ്പത്തിക ക്രമക്കേട് ചോദ്യംചെയ്ത ആദിവാസി വിഭാഗത്തിൽപ്പെട്ട വനിത ഉദ്യോഗസ്ഥക്ക് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് പരാതി. കോട്ടത്തയിലെ ക്ഷീര വികസന ഓഫീസർ ശാന്താമണിയാണ് മേലുദ്യോഗസ്ഥർ അകാരണമായി പീ‍ഡിപ്പിക്കുന്നെന്ന് പരാതി ഉന്നയിച്ചിരിക്കുന്നത്. സമ്മർദ്ദം കാരണം കുഴഞ്ഞുവീണ ശാന്താമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജോലിസമ്മർദ്ദം ഇല്ലെന്നും ഉദ്യോഗസ്ഥ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തുകയാണ് ചെയ്തതെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കോട്ടത്തറ ആപ്കോസിൽ കോടികളുടെ അഴിമതി നടത്തിയെന്ന് ക്ഷീര വികസന വകുപ്പ് ഓഡിറ്റർ കണ്ടെത്തിയ ക്ഷീര സഹകരണസംഘത്തിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ നിലപാടെടുത്തതിനാണ് മേലുദ്യോഗസ്ഥരുടെ  മാനസിക പീഡനമെന്ന് ശാന്താമണി പറയുന്നു. 2009 മുതൽ 2013 വരെയുളള കാലഘട്ടത്തിൽ 7 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ഓഡിറ്ററുടെ കണ്ടെത്തൽ. ഇത് തിരിച്ചുപിടിക്കുന്നതിനോ, തുടർനടപടി എടുക്കാനോ തയ്യാറാവാത്തതിനെ ക്ഷീരവികസന ഓഫീസർ പരസ്യമായി വിമർശിക്കുന്നതിലാണ് മാനസിക പീഡനം.

സംഘാംഗങ്ങളിൽ നിന്നു വരെ  നിരന്തരം വധഭീഷണിയും ഉണ്ടെന്ന് ശാന്താമണി ഫേസ്ബുക്ക് പേജിൽ കുറിച്ചു. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ വ്യാജ പരാതികൾ നിരന്തരം വകുപ്പുമേധാവികൾക്ക് അയപ്പിക്കുന്നുണ്ടെന്നും ശാന്താമണി പറയുന്നു. ക്ഷീരസഹകരണ സംഘാംഗങ്ങളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തനിക്കെതിരെ വകുപ്പുതല നടപടിക്ക് നീക്കമുണ്ടെന്നും ആരോപണമുണ്ട്. മാനസിക സമ്മർദ്ദം കാരണം കുഴഞ്ഞുവീണ ശാന്താമണി ഇപ്പോൾ ആനക്കട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ ഇവർക്കുമേൽ യാതൊരു ജോലിസമ്മർദ്ദവും നൽകിയിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടറർ അറിയിച്ചു. ഉദ്യോഗസ്ഥയ്ക്കെതിരെ കർഷകരുൾപ്പെടെ നിരവധി പേർ പരാതി നൽകിയിട്ടുണ്ട്. ഇത് വ്യാജമാണോ എന്നറിയല്ല. ഇതിൻമേൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി ഡയറക്ടർ വിശദീകരിച്ചു. ക്ഷീരവികസന വകുപ്പ് ജോ. ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും തുടർനടപടികൾ.

click me!