16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ

Published : Jun 15, 2026, 09:03 PM IST
women welfare pension

Synopsis

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി യുഡിഎഫ് സർക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ലഭിക്കേണ്ട ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് പദ്ധതിയെ തകർക്കാനുള്ള നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലിൽ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണ് എന്നും അവരുടെ അദ്ധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11-നാണ്. അതിനും വളരെ മുൻപേ, 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായി കണക്കാക്കിയത്. 3720 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. മാർച്ച്‌ മാസം വരെ പെൻഷൻ നൽകുകയും ചെയ്തു.

സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതൽ അപഹസിച്ച യുഡിഎഫ് നേതൃത്വം ഇപ്പോൾ പദ്ധതിയെ തന്നെ തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയിൽ തയ്യാറാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. രണ്ടു മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത്. യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ
'1980ലും ഇതേ പുച്ഛമായിരുന്നു'; പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി