'സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെ മതതീവ്രവാദികൾ നുഴഞ്ഞുകയറി'; സിപിഎമ്മിനെതിരെ ചെറിയാന്‍ ഫിലിപ്പ്

Published : Apr 19, 2022, 12:46 PM IST
'സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെ മതതീവ്രവാദികൾ നുഴഞ്ഞുകയറി'; സിപിഎമ്മിനെതിരെ ചെറിയാന്‍ ഫിലിപ്പ്

Synopsis

ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോൾ സിപിഎം ജാതി-മത അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സിപിഎം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്.
ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സിപിഎമ്മിന്‍റെ ഔദ്യോഗിക നയം വ്യക്തമല്ല.

ഇക്കാര്യത്തിൽ എം വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡിവൈഎഫ്ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 

'പാർട്ടി രേഖയിൽ ലൗ ജിഹാദുണ്ട്', വിവാദ പ്രസ്താവനയിൽ ജോർജ് എം തോമസിനെതിരെ നടപടി?

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെതിരെ പാർട്ടി നടപടിയുണ്ടായേക്കും. പാർട്ടി രേഖകളിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണ് എന്ന തരത്തിലുള്ള പരാമർശങ്ങളുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം തോമസ് പറഞ്ഞിരുന്നു. ഇത് പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടാകുമെന്ന് സൂചന വരുന്നത്. ഇക്കാര്യം തീരുമാനിക്കാൻ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്.

ജോർജ് എം തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ ഉറപ്പിച്ച് പറയുന്നതായി കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എന്താകും ആ നടപടി എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പാർട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ 'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടി രേഖകളിലുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം തോമസ് പറഞ്ഞത്. 

പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ഈ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞു. 

അവസാനം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്‍റെ പേരിൽ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്‍സ്നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു. 

സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിൽ ജോർജ് എം തോമസ് തെറ്റ് ഏറ്റുപറഞ്ഞു. ഷിജിന് എല്ലാം പാർട്ടിയെ അറിയിച്ച് മുന്നോട്ട് പോകാമായിരുന്നുവെന്നും, ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്നും അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ, ബിജെപിയും കോൺഗ്രസും സംഭവം വിവാദമാക്കി. ജോയ്‍സ്നയുടെ വീട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിക്കാനെത്തി. സ്ഥലത്ത് ഇടവക വികാരിയെയും താമരശ്ശേരി രൂപതാ അധ്യക്ഷനെയും അടക്കം ബിജെപി നേതാക്കൾ നേരിട്ടു കണ്ടു. പരോക്ഷമായി ഈ വിവാഹത്തിനെതിരെ കടുത്ത അതൃപ്തി സ്ഥലത്തെ ക്രിസ്ത്യൻ മതനേതൃത്വം രേഖപ്പെടുത്തുകയും ചെയ്തു. 

സിപിഎം സംസ്ഥാനനേതൃത്വം മാത്രമല്ല, ദേശീയനേതൃത്വം പോലും ജോർജ് എം തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. 'ലൗ ജിഹാദ്' എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ