
തിരുവല്ല: സിപിഎം (cpm) പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ (Sandeep Murder) കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചിൽ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറിൽ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സന്ദീപിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന പൊലീസ് നിഗമനം തള്ളി സിപിഎം രംഗത്തെത്തിയിരുന്നു. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. പൊലീസ് നടപടി സർക്കാർ പരിശോധിക്കണം. സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണ്. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam