
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീർത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam