കുത്തേറ്റ അഖില്‍ കമ്മിറ്റിയില്‍; യൂണിവേഴ്‍സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ വന്‍ അഴിച്ചുപണി

By Web TeamFirst Published Jul 17, 2019, 3:01 PM IST
Highlights

കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ പഴയ കമ്മിറ്റിക്ക് പകരം എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. 
 

തിരുവനന്തപുരം: കത്തിക്കുത്ത് വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജില്‍ നാടകീയ നീക്കങ്ങളുമായി എസ്എഫ്ഐ. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരഹാവികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. 

കേരള യൂണിവേഴ്‍സിറ്റി ചെയര്‍മാന്‍ എ ആര്‍ റിയാസാണ് അഡ്ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍. 25 അംഗ കമ്മിറ്റിയില്‍ കുത്തേറ്റ ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയമായ നീക്കം. എല്ലാ വകുപ്പുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളേയും കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്. 

അതിനിടെ അഖിലിന്റെ മൊഴി കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. തീവ്രപരിചരണത്തിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് കന്റോൺമെന്റ് സിഐ മൊഴി രേഖപ്പെടുത്തിയത്. എസ്എഫ്ഐക്കാർ തടഞ്ഞുവച്ച ശേഷം തന്നെ ശിവരജ്ഞിത്തും, നസീമും ചേർന്ന് ആക്രമിക്കുകയും ശിവര‍ഞ്ജിത്ത് കുത്തിയെന്നും അഖിൽ മൊഴി നൽകിയെന്നാണ് സൂചന. വിശദമായ മൊഴിയാണ് രേഖപ്പെടുത്തുന്നത്. 

അഖിനോട് എസ്എഫ്ഐക്കാർക്ക് വ്യക്തിപരമായ വിരോധമുണ്ടാകാനുള്ള കാരണമുള്‍പ്പെടെ പൊലീസിന് മനസിലാക്കേണ്ടതുണ്ട്. അതിനിടെ കേസിലെ  ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനെയും മൂന്നു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോളജിൽ കൊണ്ടുപോയി തെളിവെടുക്കാനും കത്തി കണ്ടെത്താനും അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ചോദ്യപേപ്പറും സീലും കണ്ടെത്തിയതിൽ പ്രത്യേകം കേസെടുത്തിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 

അതേ സമയം 16 പ്രതികളെ തിരിഞ്ഞറിഞ്ഞുവെങ്കിലും ആറു പേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളെ പിടികൂടിയതോടെ അന്വേഷണം മെല്ലപ്പോക്കിലാണ്. അതേ സമയം യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയിൽ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുക്കും. പരീക്ഷ അട്ടിമറി ഉള്‍പ്പെടെ പെണ്‍കുട്ടി അടുത്തിടെ മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകളുടെ  അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. 

ആത്മഹത്യക്ക് ശ്രമിച്ചതിനു ശേഷം രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് നിയമോപദേശത്തിനായി നൽകി. ഈ മൊഴിയിൽ തുടർ നടപടികള്‍ എടുക്കാൻ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ മൊഴി നൽകാൻ പേടിയാണന്നും കേസുമായി മുന്നോട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ നിലപാട്.

click me!